2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

വലിച്ചെറിഞ്ഞ ഹൃദയം

വീട്ടുകാരെയും കാരണവന്മാരെയും അനുസരിക്കാതെ ജാതിയും ജാതകവും നോക്കാതെ ഒളിച്ചോടി പോയി കല്യാണം കഴിച്ചവരായിരുന്നു അവര്‍.ദാസും ജെസീക്കയും
.അതുകൊണ്ടുതന്നെ വീടും വഴികളും അവര്‍ക്ക്  മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു..

വലിയ സാഹസമാണ് കാണിച്ചത്, എങ്കിലും ജീവിക്കണ്ടേ.ജീവിക്കാനായാലും മരിക്കാനായാലും ഒരുമിച്ചെന്നു   തീരുമാനിച്ച് ഉറപ്പിച്ചിറങ്ങിയതാണ് .അങ്ങനെയാണ് അവര്‍ രാജമ്മയുടെ കൊച്ചു  വീട്ടിലെ  വാടക താമസക്കാരായത്.മൂന്നു മുറികളുള്ള രാജമ്മയുടെ വീട്ടിലെ ചായ്പ്പിലായിരുന്നു നവദമ്പതികളുടെ ഹണിമൂണ്‍കാല  'സുഖ വാസം'  .

രാജമ്മയ്ക്ക് ആകെയുള്ളത് രണ്ടു പെണ് മക്കളാണ്. രണ്ടുപേരും പഠിക്കാന്‍ മിടുക്കികള്‍.  ആ വീട്ടിലേക്കു ചെന്ന് കയറിയ ആദ്യദിനം തന്നെ കണ്ടതാണ്..അകത്തെ പ്രധാന മുറിയുടെ ഒത്ത മധ്യത്തിലായി ദൈവങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ക്ക് ഒപ്പം ഒരു ജോഡി റബര്‍ ചെരിപ്പുകള്‍! ചന്ദന തിരികളും കുഞ്ഞു നിലവിളക്കും ഒക്കെയായി ചെറിയൊരു  പൂജാമുറി പോലെ അവിടം അലംകൃതമായിരുന്നു.

അതിനിടയിലെ  നിറവും ഭംഗിയും ഒട്ടും ഇല്ലാത്ത ആ കീറ ചെരുപ്പ് ഒരു
അപലക്ഷണം പോലെ തോന്നിച്ചു.
തുടച്ചു മിനുക്കിയിട്ട മാര്‍ബിള്‍ തറയില്‍ ചെളിവെള്ളം  കണ്ടത് പോലെ  ജസിക്കയുടെ മുഖം ചുളിഞ്ഞു ..
മേല്‍ഭാഗം  വെളുത്തിട്ടാണെങ്കിലും  അതുപയോഗിച്ചയാളുടെ അമര്‍ത്തി ചവിട്ടിന്റെ ആഘാതത്താല്‍  റബര്‍ തെഞ്ഞുരഞ്ഞ  ഭാഗത്ത് നീല നിറത്തില്‍ വിരല്‍ പാടുകള്‍  വികൃതരൂപം  പൂണ്ടു കിടന്നിരുന്നു .ഒരു ജന്മം മുഴുവന്‍ അലഞ്ഞു തീര്‍ത്ത ദുരിത കാലത്തിന്റെ കാല്‍പ്പാടുകള്‍ പോലെ !!!
.
ജസിക്കയാണ് അത് കണ്ടു പിടിച്ചത്..അപരിചിതത്വവും അനാഥത്വവും അവളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചതിനാലാവാം അതെ കുറിച്ചൊന്നും ചോദിയ്ക്കാന്‍ അപ്പോള്‍ തോന്നിയില്ല..

രാജമ്മയുടെ മൂത്ത മകള്‍ സരിതയാണ് ആ പാദുകങ്ങളുടെ പൂജാരിണി..പ്രഭാതങ്ങളിലും സന്ധ്യാ വേളകളിലും ആണിപ്പുണ്ണു പിടിച്ച ചെരുപ്പുകള്‍ക്ക് മുന്നില്‍ നിലവിളക്കും ചന്ദന തിരികളും കത്തിച്ചു വച്ച് ആ പെണ്‍കുട്ടി കൈകള്‍ കൂപ്പി നില്‍ക്കുന്നത് പതിവ് കാഴ്ചയായിരുന്നു.

വിഷാദം കൊണ്ട്തീര്‍ത്ത ഒരു സുന്ദര ശില്‍പം പോലെ തോന്നുമായിരുന്നു ആ നിമിഷങ്ങളില്‍  അവളെ കണ്ടാല്‍ .

ചിലപ്പോള്‍ ചേച്ചിക്കൊപ്പം അനിയത്തിയെയും കാണാം തൊഴു കൈകളുമായി.
എങ്ങോട്ട് പോകാനിറങ്ങിയാലും അനുവാദം ചോദിക്കനെന്ന പോലെ ആ ചെരിപ്പുകള്‍ക്ക് മുന്നില്‍ ഒരു നിമിഷം നില്‍ക്കുമായിരുന്നു അവര്‍.

ദാസ് നഗരത്തിലെ ഗൃഹോപകരണ കടയിലെ കണക്കെഴുത്തു ജോലിക്കായി രാവിലെ പോയാല്‍ ഒറ്റക്കാകും ജസിക്ക.
ദാരിദ്ര്യം എന്തെന്നറിയാതെ  ബംഗ്ലാവ് പോലുള്ള വീട്ടില്‍ ജനിച്ചു  വളര്‍ന്ന ജസിക്കയെ ഒറ്റമുറി ചായ്പിലെ ജീവിതം ശ്വാസം മുട്ടിച്ചു. ഏകാന്തമായ   പകലുകളില്‍  അപ്പനെയും അമ്മച്ചിയും ഓര്‍ത്ത്‌ അവള്‍ കരഞ്ഞു

ചിലനേരങ്ങളില്‍ അപ്പനെ അവള്‍ വെറുക്കുകയും ശപിക്കുകയും ചെയ്തു.ചിലപ്പോഴൊക്കെ ജീവിതത്തോട് വാശിതോന്നുകയും മറ്റു ചിലപ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലെന്നോര്‍ത്തു മനസ്താപം കൊള്ളുകയും ചെയ്തു.

പെണ്‍കുട്ടികള്‍ പഠിക്കാനും രാജമ്മ ജോലിക്കും പോയതിനാല്‍ ജസിക്ക തനിച്ചായിരുന്നു  വീട്ടില്‍.
 പകലുകള്‍ സാധാരണ അങ്ങനെയാണ്.

 ബോറടി മാറാന്‍ പ്രധാന മുറിയിലിരുന്നു ടെലിവിഷന്‍ കാണുകയായിരുന്നു അവള്‍. മുന്നില്‍ അവലക്ഷണം പോലെ ആ ചെരിപ്പുകള്‍ !!!. വെറുപ്പിന്റെ കടന്നല്‍ കൂടുകള്‍ ഇളകി വന്ന ആ നിമിഷം ചെരിപ്പുകളില്‍ ഒന്നെടുത്തു അവള്‍ വീടിനു പുറത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു..പിന്നെ ഉറക്കം വന്നപ്പോള്‍ എണീറ്റ്‌ പോവുകയും ചെയ്തു
.
പകലുറക്കത്തിന്റെ ആഴങ്ങളില്‍ മുങ്ങിപോയ ജസിക്കയെ ഉച്ചത്തിലുള്ള ഒരു പോട്ടിക്കരച്ചിലാണ് വിളിച്ചുണര്ത്തിയത്.
നേരംസന്ധ്യയായിരിക്കുന്നു !.

അവള്‍പിടഞ്ഞെ ണീറ്റു.

 അടുത്ത മുറിയില്‍ നിന്ന് സരിതയുടെ കരച്ചിലാണല്ലോ  ഉയര്‍ന്നു കേള്‍ക്കുന്നത്..!!
അനിയത്തികുട്ടിയുടെ എങ്ങലടികളും കേള്‍ക്കാം .

ജസിക്ക ഓടിച്ചെന്നു ..

കരഞ്ഞു കൊണ്ടിരിക്കുന്ന സരിത  ആണിപ്പുണ്ണു പിടിച്ച ആ ചെരിപ്പുകളില്‍ ഒന്ന് മുറുകെ പിടിച്ചിട്ടുമുണ്ട്‌.

പേടിച്ചു പോയ ജസ്സിക്ക അവരോട്   വിവരം തിരക്കി.അതോടെ സരിതയുടെ കരച്ചില്‍

കുറച്ചു കൂടി  ഉച്ചത്തിലായി..

"എന്റെ കൊച്ചേ .....ആ ചെരിപ്പുകളില്‍   ഒരെണ്ണം  കാ.. ണാ...നി..ല്ല ....."  
രാജമ്മയാണ് മറുപടി പറഞ്ഞത്അവരുടെ വാക്കുകളിലും തിരമാലകള്‍ അടക്കിനിര്‍ത്തിയ  ഒരു  സങ്കടക്കടല്‍   ഇളകി മറിയുന്നുണ്ടായിരുന്നു...

ഒരു കീറ ചെരുപ്പ് പോയതിനു ഇത്രയേറെ അലറി വിളിക്കാന്‍  എന്തിരിക്കുന്നു!!! ജസിക്കയ്ക്ക് ഉള്ളില്‍ ചിരിവന്നു .ഈ തള്ളയ്ക്കും മക്കള്‍ക്കും വട്ടു തന്നെ .അവള്‍ മനസില്‍ ഉറപ്പിച്ചു..

"ഇത്ര നിസാര പ്രശ്നത്തിനാണോ  ഇത്ര അലമുറയിട്ടു കരഞ്ഞത്??" എന്ന് ചോദിച്ചു   കൊണ്ട് -ജസിക്ക അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഉടനെ സരിത യുടെ സങ്കടം ഇരട്ടിച്ചു .
"ചേച്ചിക്കറിയാവോ ഇതാരാണെന്ന് ?ഇതിന്റെ വിലയെന്താനെന്നു ?  ഇത് ഞങ്ങളുടെ പാവം അച്ഛനാണ്....മരിച്ചു പോയ ഞങ്ങളുടെ അച്ഛന്‍ ...  തികട്ടിവന്ന  സങ്കടം   ഒതുക്കാന്‍ അവള്‍വല്ലാതെ പാടുപെട്ടു ,
"റേഷന്‍ കടയില്‍ അരിവാങ്ങാന്‍ പോയ ഞങ്ങടെ അച്ഛന്‍  നടുറോഡില്‍ ലോറി ഇടിച്ചു ചതഞ്ഞരഞ്ഞാണ് മരിച്ചത്....അപകട സ്ഥലത്ത് നിന്ന് കിട്ടിയ ഈ ചെരിപ്പുകള്‍ അല്ലാതെ ആ മുഖം പോലും ഞങ്ങള്‍ക്കൊന്നു  കാണാന്‍ കഴിഞ്ഞില്ല."..
 കണ്ണീരില്‍  കുഴഞ്ഞ സരിതയുടെ വാക്കുകള്‍  പൂര്‍ത്തിയാകും മുന്‍പ് രാജമ്മയും അനിയത്തിക്കുട്ടിയും ആ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ കുരുങ്ങി വിതുമ്പി വിതുമ്പി കരഞ്ഞു .
..
ജസിക്കയുടെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി ...തലയ്ക്കു ശക്തമായ ഒരടി കിട്ടിയത് പോലെ അവള് കസേരയിലേക്ക് തളര്‍ന്നിരുന്നു പോയി !!
."കര്‍ത്താവേ ഈ കുടുംബത്തിന്റെ  ഹൃദയമാണല്ലോ താന്‍ നിഷ്കരുണം ആ  പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞത് "
 അതോര്‍ത്തപ്പോള്‍ .കുറ്റബോധം കൊണ്ട് അവളുടെ ഉള്ളം നീറിപുകഞ്ഞു..
ഒരു നിമിഷം തന്റെ അപ്പനെയും അമ്മച്ചിയെയും അവള്‍ ഓര്ത്തു പോയീ .    
ഒരു തുള്ളി കണ്ണീരോടെ..!!. .
 ഏങ്ങലടികള്‍ കൊണ്ട് അന്ന് രാത്രി ആ വീട് ഉറങ്ങിയില്ല ..

17 അഭിപ്രായങ്ങൾ:

  1. ."കര്‍ത്താവേ ഈ കുടുംബത്തിന്റെ ഹൃദയമാണല്ലോ താന്‍ നിഷ്കരുണം പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞത് "
    അതോര്‍ത്തപ്പോള്‍ .കുറ്റബോധം കൊണ്ട് അവളുടെ ഉള്ളം നീറിപുകഞ്ഞു..
    ഒരു നിമിഷം തന്റെ അപ്പനെയും അമ്മച്ചിയെയും അവള്‍ ഓര്ത്തു പോയീ .

    മറുപടിഇല്ലാതാക്കൂ
  2. ഇതാരാണെന്ന് അറിയുമോ ഞങ്ങളുടെ അച്ഛനാണ് മരിച്ചു പോയ ഞങ്ങളുടെ അച്ഛൻ. മനസ്സിലൂടെ കടന്നുപോകുന്ന വേദനപ്പിക്കുന്ന എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  3. ദൈവങ്ങളുടെ ചിത്രങ്ങളൊടൊപ്പം ആ ചെരുപ്പുകള്‍ പൂജിക്കുന്നത് എന്തിനാണ്‌ എന്ന് എനിക്ക് മനസ്സിലായെങ്കിലും ആ വീട്ടില്‍ താമസിക്കുന്ന ജെസിക്കയ്ക്ക് മനസ്സിലായില്ല എന്നത് അല്‍‌ഭുതം തന്നെ. ഒരു പക്ഷേ വായില്‍ സ്വര്‍‌ണ്ണക്കരണ്ടിയുമായി ജനിച്ചു വീണ അവള്‍ക്ക് ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടാകില്ലായിരിക്കാം. ഒന്നും അറിയാനും മനസ്സിലാക്കാനും താല്‍‌പര്യമില്ലാത്ത പുതിയ തലമുറക്കിട്ട് ഒരു കൊട്ടാകട്ടെ ഈ കഥ. രണ്ടായാലും വായനക്കാരുടെ ഭാവനയ്ക്ക്‌ വിട്ടു കൊടുക്കാം. അല്ലേ? കൊള്ളാം. കഥയിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  4. കുസുമം ആദ്യ വായനയ്ക്ക് എത്തിയതില്‍ സന്തോ ..ഷം..പ്രോത്സാഹനത്തിനും അഭിപ്രായ പ്രകടനത്തിനും നന്ദി.
    അനൂപ്‌ ആദ്യ വിസിറ്റിനും സന്തോഷം ..ഇടയ്ക്ക് വരുമല്ലോ ..
    വായാടിക്ക് എപ്പോളും സംശയമാണല്ലോ ...ജസിക്ക ആ വീട്ടില്‍ താമസമാക്കിയിട്ട് അധിക നാള്‍ ആയില്ലല്ലോ..പിന്നെ സ്വന്തമായി ചിന്തിക്കാനും വിഷമിക്കാനും പറ്റിയ ഒരു പ്രത്യേക സാഹചര്യത്തിലാണല്ലോ
    അവള്‍ ആ വീട്ടില്‍ വാടക ക്കാരിയായി എത്തിയത് ..പാദുകങ്ങള്‍ പൂജിക്കുന്ന ഒരു സംസ്കാരം ദാസിനു പരിചിതമായിരിക്കാം ..പക്ഷെ ജസിക്കയുടെ ജീവിത സാഹചര്യവും സംസ്കാരവും തികച്ചും വ്യത്യസ്തം ..
    ബാക്കി കാര്യങ്ങളൊക്കെ വായനക്കാര്‍ക്ക് തോന്നും പോലെ ആയിക്കോട്ടെ ..അല്ലെ ?ഏതായാലും മുടങ്ങാതെ വന്നു എന്നെ സഹിച്ചു കൊണ്ടിരിക്കുന്നതിനു സ്പെഷ്യല്‍ താങ്ക്സ്....... ഒന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല കേട്ടോ :)

    മറുപടിഇല്ലാതാക്കൂ
  5. ആദ്യവായന വളരെ ഇഷ്ടപ്പെട്ടു.
    വകതിരിവും തിരിച്ചറിവും നഷ്ടപ്പെട്ട ഒരു തലമുറയിലൂടെ.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  6. കര്‍ത്താവേ ഈ കുടുംബത്തിന്റെ ഹൃദയമാണല്ലോ താന്‍ നിഷ്കരുണം ആ പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞത് "
    നൊമ്പരം ഉള്ളിലറിയുന്ന വരികള്‍..നന്നായി മാഷേ..

    മറുപടിഇല്ലാതാക്കൂ
  7. ചാണ്ടി കുഞ്ഞേ ...സന്തോഷം ..രാംജി ആദ്യമായി വന്നു അഭിപ്രായം കുറിച്ചതില്‍ വളരെ സന്തോഷം ..ഇടയ്ക്ക് വരുമല്ലോ ..:)സിദ്ധിക്ക് ,
    ആവര്‍ത്തിച്ചുള്ള പ്രോത്സാഹനത്തിനു നന്ദി :)

    മറുപടിഇല്ലാതാക്കൂ
  8. പ്രായമായ മാതാപിതാക്കളെ കറിവേപ്പില പോലെ കളയുന്നത് തികച്ചും സ്വാഭാവികമായ കാലത്ത് ഈ കഥയ്ക്ക്‌ പ്രസക്തിയുണ്ട് എന്നെനിക്കു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  9. Cheruppinte suspense aadayame kalayathe
    irunnenkil kadhayude avasanam kurekkoddi naanakumayirunnille ?
    pakshe vaayana sukham thanne aayirunnu....abhiprayam paranju
    enne ulloo....ketto...

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം നല്ല കഥ...നല്ല അവതരണം..

    മറുപടിഇല്ലാതാക്കൂ
  11. വായാടി പറഞ്ഞതു പോലെ,എത്ര കുബേര കുടുംബത്തിൽ നിന്നായാലും ഒരു ‘കോമൺ സെൻസ്’ആ പെണ്ണിനില്ല.അല്ലെങ്കിൽ, സാധാരണ കാണാത്ത ഒരു കാര്യം കാണുമ്പോൾ ഏതൊരു പൊട്ടനും ഒന്നു ചിന്തിക്കാതിരിക്കുമോ...?!

    കഥ കൊള്ളാം കെട്ടൊ...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  12. കഥ നന്നായിരുന്നു..
    ...യാദാർത്ഥ്യങ്ങളുടെ പകർക്കലുകൾ പോലെ തോന്നിച്ചു!

    മറുപടിഇല്ലാതാക്കൂ
  13. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
    junctionkerala.com ഒന്ന് പോയി നോക്കൂ. 
    ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ

വായന എങ്ങിനെയിരുന്നു .?
നിര്‍ദേശവും അഭിപ്രായവും
പറഞ്ഞോളു..തല്ലായാലും തലോടല്‍
അയാലും ഞാന്‍ പിണങ്ങില്ല ..
കൂടുതല്‍ വിശേഷങ്ങളുമായി
എന്റെ മറ്റൊരു ബ്ലോഗ്‌
"മരുഭുമികളിലൂടെ ..."
www.remesharoor.blogspot.com